ക്നാനായ സമുദായത്തിലെ പ്രമുഖനായ ഒരു വൈദികനായിരുന്നു പരേതനായ താമരപ്പള്ളിൽ അബ്രഹാം കോറെപ്പിസ്ക്കോപ്പാ. താമരപ്പള്ളിൽ കുരുവിള കൊച്ചുതൊമ്മൻ്റെയും (അപ്പായി) നെല്ലിക്കൽ ശ്രീമതി ചാച്ചിയുടെയും തൃതീയ പുത്രനായ ഇദ്ദേഹം 1871 ൽ ഭൂജാതനായി. കല്ലിശ്ശേരി മാളിയേക്കൽ അച്ചന്റെ പിൻതലമുറക്കാരനും ആ കുടുംബാംഗവും വ്യവസായിയും, ധനാഢ്യനും, ഭക്തനും, സുവിശേ ഷപ്രവർത്തകനും സമുദായ സ്നേഹിയുമായിരുന്ന അപ്പായിക്ക് തൻ്റെ പുത്രനായ കുഞ്ഞിയിട്ടിയവിരാ എന്നു വിളിച്ചുവന്നിരുന്ന അബ്രഹാമിനെ വൈദിക നാക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. അതിനു വേണ്ട പരിശീലനങ്ങളും ഉപദേശങ്ങളും ചെറുപ്രായത്തിൽ തന്നെ ബാലന് അദ്ദേഹം നൽകി.
ചെങ്ങന്നൂർ കൊട്ടാരത്തിലെ ആശാന്മാരുടെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസവും, തുടർന്ന് ഹൈ സ്‌കൂൾ വിദ്യാഭ്യാസം ചെങ്ങന്നൂരും കോട്ടയത്തുമായി നടത്തി. തുകലശ്ശേരി സി.എം.എസ്. ബംഗ്ലാവിൽ ചേർന്ന് ഇംഗ്ലീഷ് ഭാഷ നന്നായി പഠിച്ചു. കോട്ടയത്തു പഴയസിമ്മനാരിയിൽ വട്ടശേരി മല്‌പാനച്ചന്റെ കീഴിൽ സുറിയാനി പഠനം നടത്തി. പുലിക്കോട്ടിൽ മാർ ദിവ ന്നാസിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് 1886-ൽ ശെമ്മാശു പട്ടവും 1894-ൽ വൈദികപട്ടവും സ്വീകരിച്ചു.
ഈ കാലയളവിൽ കല്ലിശേരി പള്ളി വികാരി മന്നാത്തു തുണ്ടിയിൽ തോമാ കത്തനാരും സഹായ പട്ടക്കാരൻ പുളിമൂട്ടിൽ അച്ചനും ആയിരുന്നു. 1894-ലും 95-ലുമാണ് യഥാക്രമം ഇരവിപേരൂരും മാന്നാത്തും പള്ളികൾ സ്ഥാപിയ്ക്കപ്പെട്ടത്. ഈ രണ്ടു പള്ളിക ളിലും കർമ്മാദികൾ നടത്തി വന്നത് പുളിമുട്ടിൽ അച്ച നും, മന്നാത്ത് അച്ചനുമായിരുന്നു. പിന്നീട് തമാരപ്പ ള്ളിൽ അച്ഛൻ കല്ലിശ്ശേരി പള്ളി വികാരിയായി നിയമിക്കപ്പെട്ടു.
താമരപ്പള്ളിൽ അച്ചൻ്റെ ദീർഘകാലഭരണം കല്ലി ശ്ശേരി ക്നാനായ പള്ളിക്കും ഇടവകയ്ക്കും പല നേട്ട ങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. മദ്ബഹായുടെ തെക്കുഭാ ഗത്ത് ഉണ്ടായിരുന്ന മുറി പൊളിച്ച് മേട പണികഴിപ്പി ച്ചതും, പള്ളിയുടെ ഹൈക്കലാ, പരിഷ്കരിച്ച് പണിയിപ്പിച്ചതും അദ്ദേഹമാണ്. പള്ളി പുരയിടത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനു തേവർതുണ്ടിപുരയി ടത്തിന്റെ കുറെ ഭാഗവും, സെമിത്തേരിക്കായി മതു ക്കുഴി പുരയിടത്തിൻ്റെ കിഴക്കേഭാഗം സ്വരൂപിച്ചതും വന്ദ്യഅച്ചന്റെ കാലത്താണ്. പഴയ വെള്ളിക്കുരിശ് അഴിച്ച് കൂടുതൽ വലിപ്പത്തിലും ഭംഗിയായും പണിയിപ്പിച്ചു. പള്ളിവകയായും സ്വന്തം വകയായും ഓരോ വിദ്യാലയം സ്ഥാപിച്ചു. കൊച്ചുകുഞ്ഞുങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന് ഉത്തേജനം നൽകി.
മലങ്കര എഴുന്നള്ളിയ മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദുള്ള പാത്രിയർക്കീസ് (1909), ഏലി യാസ് തൃതീയൻ പാത്രിയർക്കീസ് (1931) എന്നീ പരിശുദ്ധ പിതാക്കന്മാർ ബഹു. അച്ചന്റെ ഭരണകാലത്ത് കല്ലിശ്ശേരി പള്ളി സന്ദർശിച്ചിട്ടുണ്ട്.
മലങ്കരസഭയിലെ വിശ്വാസസംരക്ഷകനും യശഃശ്ശ രീനുമായ ഈ പള്ളി ഇടവകയിൽ പെട്ട ആഞ്ഞിലി മുട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ ഓർമ്മ മുടങ്ങാതെ ആണ്ടുതോറും നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തതും താമരപ്പള്ളിലച്ചനാണ്.
ക്നാനായ സമുദായത്തിൻ്റെ പ്രഥമ മേലദ്ധ്യക്ഷ നായ ഇടവഴിക്കൽ സേവേറിയോസ് മെത്രാപ്പോ ലീത്താ 1915-ൽ താമരപ്പള്ളിൽ അബ്രഹം കശീശായെ സമുദായത്തിന്റെ വികാരി ജനറാളായി നിയമിക്കുകയും കോർഎപ്പിസ്‌ക്കോപ്പാ സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു.
മാർ സേവേറിയോസ് മെത്രാപ്പോലീത്താ തിരുമ നസ്സിലെ പിൻഗാമിയായി ഒറ്റത്തൈയ്ക്കൽ തോമസ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായെ വാഴി ക്കുകയുണ്ടായി. തിരുമേനിയുടെ ഭരണത്തിനുശേഷം മെത്രാൻ സ്ഥാനത്തിന് യോഗ്യതയുള്ള ആളുകളെ സമുദായത്തിന് ലഭിക്കാതെ വന്നപ്പോൾ ക്നാനായ അസോസിയേഷൻ താമരപ്പള്ളിൽ അബ്രഹാം കോർ എപ്പിസ്ക്‌കോപ്പായെ സമുദായ “അഡ്‌മിനിസ്ട്രേറ്ററായി” തെരഞ്ഞെടുക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ കാലത്ത് പല നേട്ടങ്ങളും ക്നനായ സമുദായത്തിന് ഉണ്ടായിട്ടുണ്ട്. സമുദായ ത്തിന് ഒരുലക്ഷം രൂപ വരുന്ന കേന്ദ്രനിധി രൂപീകരി ച്ചു. ഇദ്ദേഹത്തിൻ്റെ കാലത്താണ് ദിവ്യശ്രീ കെ.എം. സൈമൺ കശീശ്ശാ, സർവ്വശ്രീ വി.ഒ. മർക്കോസ്, എം. സി. കോര മുണ്ടുകോട്ടയ്ക്കൽ, കേളച്ചന്ത, കെ.റ്റി. തോമസ്, വി.ഒ. ഏബ്രഹാം എന്നിവരുടെ ശ്രമഫല മായി പ്രസ്തുത നിധി രൂപീകരിച്ചു.
അച്ചന്റെ ഭരണകാലത്ത് തിരുവിതാംകൂർ കമ്പനി നിയമം 28-ാം വകുപ്പുപ്രകാരം 1119-ലെ 54-ാം നമ്പറിൽ രജിസ്ട്രർ ആക്കിയതാണ് മലങ്കര സേവാസംഘം. സഭയിലെ ജനങ്ങളുടെ ആത്മീയവും സാമുദായികവും, വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനു വേണ്ടിയാണ് സംഘം ആരംഭിച്ചത്. എന്നാൽ അതിന്റെ ഭാഗമായ “സ്‌പർഹായേ” മാത്രമേ ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുള്ളൂ. സ്‌പർ ഹായേ എന്നത് സത്യവിശ്വാസികളായ മരിച്ചുപോയി ട്ടുള്ളവർക്കും, ജീവനോടിരിക്കുന്നവർക്കും വേണ്ടി ആണ്ടുതോറും ഏതെങ്കിലും ക്ലിപ് തീയതിക്കോ, നിശ്ചിതകാലത്തേയ്‌ക്കോ വി. കുർബാന ലോകാവ സാനത്തോളം അണയ്ക്കുന്നതിന് ഉതകത്തക്കവണ്ണം കമ്പനി നിയമപ്രകാരം രജിസ്ട്രറാക്കപ്പെട്ട പദ്ധതിയാണ്.
അഭി. സേവേറിയോസ് മെത്രാപ്പോലീത്തായുടെ കാലത്ത് ദളിതരുടെ ഇടയിലെ സുവിശേഷ പ്രവർ ത്തനത്തെ ലാക്കാക്കി, ചിങ്ങവനം, വെളിയനാട്, കല്ലു ങ്കത്ര എന്നീ സ്ഥലങ്ങളിൽ മിഷൻ പ്രവർത്തനം ആരം ഭിച്ചു. അവർക്ക് ആരാധനാലയങ്ങളും പണികഴിപ്പിച്ചു.
വാകത്താനം ഉമയാറ്റുംകര, നെടുമൺ (കറ്റോട്) കാരയ്ക്കാട്ട് (പന്തളം) എന്നീ സ്ഥലങ്ങളിൽ മിഷൻ പ്രവർത്തനം നടത്തുന്നതിന് വന്ദ്യഅച്ചൻ നൽകിയ സേവനം ശ്ലാഘനീയമാണ്.
നേരത്തെ ഉണ്ടായിരുന്ന സമുദായ ഭരണഘടന യിൽ കാലോചിതമായ ഭേദഗതികൾ അസോസിയേ ഷൻ മുഖേന വരുത്തിയതും ഇദ്ദേഹം ഭരണാധികാ രിയായിരുന്ന കാലത്താണ്.
1922-ൽ ആരംഭിച്ച മാർ സേവേറിയോസ് വിദ്യാ ഭ്യാസനിധിയുടെ ട്രസ്റ്റിയായും അച്ചൻ സേവനം അനു ഷ്ഠിച്ചിട്ടുണ്ട്.
സമുദായത്തിലെ സുവിശേഷപ്രവർത്തനങ്ങളെ അദ്ദേഹം അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്നു. താമ രപ്പള്ളിൽ പരുത്തിക്കാട്ട് റ്റി.ഒ. ഫിലിപ്പിന്റെ ശ്രമഫല മായി 1936-ൽ സ്ഥാപിച്ച ധ്യാനയോഗത്തെയും ഇതിന്റെ പ്രവർത്തനങ്ങളെയും അംഗീകരിക്കുകയും “മലങ്കര സുറിയാനി ക്‌നാനായ സുവിശേഷ സമാജം” എന്ന പേരിൽ നടത്തുന്നതിന് അനുവദിക്കുകയും ചെയ്തു. (സർക്കുലർ നമ്പർ 62-/15-12-121)
1942-ൽ മാർത്തോമ്മാശ്ലീഹായുടെ നാമത്തിൽ മന്ദമരുതിപള്ളിയും, 1946-ൽ ദൈവമാതാവിൻ്റെ നാമ ത്തിൽ പടിഞ്ഞാറ്റോതറപള്ളിയും അച്ചന്റെ ഭരണകാ ലത്ത് സ്ഥാപിക്കപ്പെട്ടവയാണ്. 1947-ൽ അദ്ദേഹ ത്തിന്റെ ശുപാർശ പ്രകാരമാണ് മാർ യൂലിയോസ് മെത്രാപ്പോലീത്താ, വയലാ വി.ഐ. ഏബ്രഹാം ശെമ്മാശന് വൈദികപട്ടം കൊടുത്തത് (ഇദ്ദേഹമാണ് മാർ ക്ലീമീസ് മെത്രാപ്പോലീത്താ).
അബ്രഹാം കോർ എപ്പിസ്കോപ്പാ വിവാഹം ചെയ്‌തിരുന്നത് നീലംപേരൂർ കൊച്ചുനടയിൽ അന്നാ മ്മയെയാണ്. ആ വന്ദ്യമാതാവ് വളരെ ചെറുപ്പത്തിൽ തന്നെ ആകസ്‌മികമായി അന്തരിച്ചു. അവർക്ക് മക്കൾ ഇല്ലായിരുന്നു.
ഭദ്രാസന ഭരണകാലത്ത് ബ. അഡ്‌മിനിസ്ട്രേറ്റർ അച്ചൻ ചിങ്ങവനം അപ്രേം സെമിനാരിയിൽ താമ സിച്ചിരുന്നു. ജീവിതാന്ത്യം സ്വഭവനമായ കല്ലിശേരി താമരപ്പള്ളിൽ കുന്നുമ്പുറത്താണ് കഴിച്ചു കൂട്ടിയത്. താപസോചിതമായ ജീവിതം നയിച്ച അദ്ദേഹം 1947 ഒക്ടോബർ 25-ാം തീയതി 76-ാമത്തെ വയസ്സിൽ കർത്താവിൽ നിദ്രപ്രാപിച്ചു.
അദ്ദേഹത്തിന്റെ ശവസംസ്‌കാരം കല്ലിശ്ശേരി ക്നാനായ വലിയ പള്ളിയിൽ ഒരു സമുദായ മേല ദ്ധ്യക്ഷനു വേണ്ടിയ എല്ലാ ആചാരങ്ങളോടും ബഹു മതികളോടും കൂടിയാണ് നടത്തപ്പെട്ടത്. ക്നാനായ സമുദായത്തിലെ എല്ലാ പുരോഹിതന്മാരും മലങ്കര സഭയിൽ അന്നു ജീവിച്ചിരുന്ന എല്ലാ തിരുമേനിമാരും അതിൽ സംബന്ധിച്ചിരുന്നു. അന്ന് നല്ല പ്രചാരമുണ്ടാ യിരുന്ന കേരള ഭൂഷണം ദിനപത്രം അച്ചനോടും സമു ദായത്തോടുമുള്ള ബഹുമാന സൂചകമായി പ്രത്യേക ചരമ സപ്ലിമെന്റ് ഇറക്കിയാണ് അച്ചനെ ആദരിച്ചത്.
ക്നാനായ സമുദായത്തിന് അവിസ്‌മരണീയമായ നേതൃത്വം നൽകിയ വ്യക്തിത്വത്തിനുടമാണ് ബഹു. താമരപ്പള്ളിലച്ചൻ.