വിശാലമായ കുട്ടനാടിൻ്റെ മടിരപ്പരപ്പിൽ വെള്ളി നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുന്ന ദ്വീപസമൂഹ ങ്ങളാണ് വെളിയനാട്. പച്ചപട്ടുവിരിച്ച നെൽപാടങ്ങൾ വിസ്തൃതമായി നിരന്നുകിടക്കുന്നു. അതിനിടയ്ക്ക് രജതരേഖ പോലുള്ള നീർച്ചാലുകൾ. കളരിക്കൽ ഉണ്ണിട്ടൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ ഭൂമി ക്നാനായ സമുദായത്തിൻ്റെ ബേത്ലഹേം. അനു ഗ്രഹീതമായ ഈ നാടിന് അഭിമാനത്തിന് വക നൽകുന്ന കുടുംബമാണ് പ്രശസ്‌തമായ വാഴയിൽ തറവാട്.
മലങ്കര സുറിയാനി സഭയ്ക്കും വിശിഷ്യ മലങ്കര സുറിയാനി ക്നാനായ സമുദായത്തിനും നിസ്ത ലവും ത്യാഗോജ്വലവുമായ സേവനം കാഴ്ചവച്ചിട്ടുള്ള വാഴയിൽ ഉതുപ്പാൻ തോമ്മ (കുഞ്ഞ്) അവിസ്മരണീ യനാണ്. മാലിത്ര ഏലിയാസ്സ് കത്തനാർ, വാഴയിൽ ഉതുപ്പാൻ തോമ്മാ, ഇടവഴിക്കൽ ഇ.എം. ഫിലിപ്പ് എന്നീ ത്രിമൂർത്തികൾ ക്നാനായ സമുദായത്തിന്റെ യശസ്സും, പദവിയും, മലങ്കര സഭയിൽ നിലനിർത്തി യിട്ടുള്ളവരാണ്. മലങ്കര സഭയുടെ ചരിത്രത്തിൽ ഈ നാമധേയങ്ങൾ സുവർണ്ണലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്നാനായ സമുദായത്തിന് അടിത്തറ നിർമ്മച്ചവരിൽ വാഴയിൽ ഉതുപ്പാൻ തോമ്മാ അഗ്രഗണ്യനായിരുന്നു.
വാഴയിൽ ഉതുപ്പാൻ തോമ്മായ്ക്ക് സന്താനങ്ങൾ ആറ്. റ്റി. ജോസഫ് വാഴയിൽ, റ്റി. തോമസ് വാഴയിൽ, റ്റി. ഏബ്രഹാം വാഴയിൽ എന്നിവർ പുത്രന്മാരും ചാച്ചിയമ്മ, അച്ചുക്കുട്ടി, മറിയാമ്മ എന്നിവർ പുത്രിമാരും. മൂത്തമകൻ റ്റി. ജോസഫ് വാഴയിൽ പിതാവിന്റെ കാലടികളെ അനുധാവനം ചെയ്‌ത് ക്നാനായ സമുദായത്തിന്റെ വികസനത്തിനുവേണ്ടി അഹോരാത്രം പണിയെടുത്തിട്ടുള്ള ആളാണ്. വാഴയിൽ കുഞ്ഞിന്റെയും നൈത്തോമ്മായുടേയും ഇളയമകൻ ശ്രീ. റ്റി. ഏബ്രഹാം വാഴയിൽ സമ്പന്ന കുടുംബത്തിൻ്റെ ഓമന പുത്രനായി 19.06.1905 ൽ ഭൂജാതനായി. കോട്ടയം സി.എം. എസ്. ഹൈസ്‌കൂളിലും ചങ്ങനാശ്ശേരി സെന്റ്റ് ബെർക്കുമാൻസ് ഹൈസ്‌കൂളിലും സ്കൂൾ വിദ്യാ ഭ്യാസം പൂർത്തീകരിച്ചതിനുശേഷം ശ്രീ. ഏബ്രഹാം
ആലുവാ യൂണിയൻ ക്രിസ്‌ത്യൻ കോളേജിൽ ഉപരി പഠനം നടത്തി. വയലാ ഇടിക്കുളയും, ഷെവ. വി.ഒ. എബ്രഹാമും ആലുവാ കോളേജിൽ റ്റി. ഏബ്രഹാ മിൻ്റെ സതീർത്ഥ്യരായിരുന്നു. തുടർന്ന് തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പഠനം തുടർന്നുവെങ്കിലും, ഒരു കുലീന കുടുംബത്തിൻ്റെ ഭൂവുടമ എന്ന നിലയിൽ, കൃഷിയിൽ ആസക്തി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പഠനം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി.
ഇക്കാലത്ത് ക്നാനായ യുവജനസമാജത്തിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു കിടക്കുകയായിരുന്നു. ഈ പ്രതിസന്ധിഘട്ടം നേരിടുന്നതിന് മൂന്നു യുവാക്കന്മാർ രംഗപ്രവേശം ചെയ്തു. റാന്നി ഇടശ്ശേരിൽ ഐ.എം. ഏബ്രഹാം, വാഴയിൽ റ്റി.ഏബ്രഹാം, വയലാ ഇടിക്കുള എന്നീ നാമധേയങ്ങൾ സമാജത്തിനു മറക്കാനാവുന്നതല്ല. ശ്രീ. ഏബ്രഹാമിന്റെ ജീവിതം യുവജന സമാജത്തിൻ്റെ ചരിത്രമാണ്. ഐ. എം. വയലാവാഴയിൽ ഒരു അജയ്യ ശക്തിയായി ഉയർന്നു. നവോത്ഥാനത്തിൻ്റെ കിരണങ്ങൾ അന്തരീ ക്ഷത്തിൽ വ്യാപരിച്ചു. സാമ്പത്തിക പരാധീനതയുടെ പരിരംഭണത്താൽ സമാജപ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ സമാജത്തിനു ഒരു നിധി ഉണ്ടാക്കണമെന്നുള്ള അഭി നിവേശം ശ്രീ. ഏബ്രഹാമിനുണ്ടായി. അതിന്റെ സഫ ലീകരണത്തിനു സ്വതസിദ്ധമായ വാഗ്വിലാസത്തോടും, നിസ്വാർത്ഥമായ സേവന തൃഷ്ണയോടുംകൂടി അദ്ദേഹം മുമ്പോട്ടിറങ്ങി. അന്നത്തെ നിലയ്ക്ക് ഏറ്റവും വിലമതിക്കാവുന്ന ഒരു തുക അദ്ദേഹം സംഭ രിച്ചു.
ശ്രീ. ഏബ്രഹാം ഒരു വിജ്ഞാന ദാഹിയായിരുന്നു. ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള മഹത്തായ കൃതികൾ വെളുപ്പോളും ഇരുന്നു വായിക്കുന്നതിൽ അദ്ദേഹത്തിന് മടിയില്ലായിരുന്നു. നല്ല പുസ്‌തകങ്ങൾ കിട്ടിയാൽ ഉത്സവത്തിൻ്റെ പ്രതീതി ആ വലിയ ഹൃദ യത്തിനുണ്ടാകും. കാറൽ മാർക്‌സിന്റെ ‘ക്യാപിറ്റൽ’, വെൻസർ വിൽക്കിയുടെ ‘വൺ വേൾഡ്’, ഹിറ്റ്ലറുടെ ആത്മകഥ ‘മീൻ കാഫ്’, ഡെയൽ കാർണ്ണിയുടെ ‘തിങ്ക് ആന്റ് ഗോറിച്ച്’ തുടങ്ങിയ പുസ്‌തകങ്ങൾ അദ്ദേഹത്തിന്റെ പുസ്‌തകശേഖരണത്തിലുണ്ടായിരുന്നു.
ക്നാനായക്കാർ ഉന്നത ശീർഷന്മാരാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആ ഉന്നത നിലവാരം എല്ലാ രംഗങ്ങളിലും പുലർത്തുന്നതിന് അദ്ദേഹം സമു ദായാംഗങ്ങളെ ആഹ്വാനം ചെയ്‌തുകൊണ്ടിരുന്നു. ക്നാനായ സമുദായത്തെ വളരെയധികം സ്നേഹി ച്ചിരുന്ന വ്യക്തിയായിരുന്നു ശ്രീ. ഏബ്രഹാം. ക്നാനായ സമുദായത്തിൻ്റെ മാർ അപ്രേം സെമിനാരിയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ഓഫീസ് വേണമെന്നുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ സാക്ഷാത്ക്കാരമാണ് ഇന്ന് നിലവിലുള്ള ഓഫീസ്. സമുദായത്തിലെ ബഹു. പട്ടക്കാർ അവരുടെ ദൗത്യത്തോട് നീതി പുലർത്തണമെന്ന് അദ്ദേഹം അഭിലഷിച്ചിരുന്നു. മലങ്കരസഭയുടെ ചരി ത്രത്തിലും അദ്ദേഹത്തിന് അതിവ്യുല്‌പത്തി ഉണ്ടാ യിരുന്നു. ക്നാനായ സമുദായ ചരിത്രം അദ്ദേഹം രചി ച്ചിട്ടുണ്ട്. “റോമൻ കാതോലിക്ക് അജിറ്റേഷൻ ആന്റ് അറ്റ്മോസ്‌ഫിയർ” എന്ന പുസ്‌തകം അദ്ദേഹത്തിന്റെ കൃതിയാണ്. കൂടാതെ അനേകം ലേഖനങ്ങൾ വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശ്രീ. ഏബ്രഹാമിൻ്റെ ജീവിത വീക്ഷണം അനു കരണീയമായിരുന്നു. ചൊല്ലും, പണവും കൊടുത്ത് അദ്ദേഹം എത്രയോ യുവാക്കളെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിച്ചിട്ടുണ്ട്. കുന്നങ്കരിയിൽ എൽ.പി. സ്‌കൂൾ അദ്ദേഹം ആരംഭിച്ചുവെങ്കിലും പിൽക്കാലത്ത് നിന്നുപോയി.
ക്നാനായ സമുദായത്തിന് വിലപ്പെട്ട സംഭാവനകൾ ശ്രീ. ഏബ്രഹാം നൽകിയിട്ടുണ്ട്. പയ്യോളിയിൽ അദ്ദേഹത്തിന്റെ 90 ഏക്കർ തോട്ടവും വെളിയനാട് അദ്ദേഹത്തിന് ഉണ്ടായിരുന്ന മുഴുവൻ ഭൂസ്വത്തും അദ്ദേഹം ക്നാനായ സമുദായത്തിന് സംഭാവന നൽകി. ലക്ഷക്കണക്കിന് രൂപാ വിലപിടിപ്പുള്ള അദ്ദേ ഹത്തിന്റെ ഭൂസ്വത്ത് സ്വന്തം സമുദായത്തിന് നൽകിയെന്നുള്ളത് ത്യാഗോജ്ജ്വലമായ ആ ധന്യ ജീവിതത്തിന് മകുടം ചാർത്തുന്ന മഹാസംഭവമാണ്. ശ്രീ. ഏബ്രഹാമിൻ്റെ മക്കൾ അദ്ദേഹത്തിന്റെ ഇംഗിതത്തിന് എതിരായി ഒരു വാക്ക് ഉച്ചരിക്കുവാൻ തയ്യാറായിട്ടില്ലെന്നുള്ളത് ആ പിതാവിനോടുള്ള ബഹുമാനത്തിൻ്റെ ബഹിർസ്‌ഫുരണമാണ്.
കല്ലിശ്ശേരി നെടിയുഴത്തിൽ ലൂക്കോസ് കോറെപ്പിസ്ക്‌കോപ്പായുടെ മകൾ ചാച്ചിയമ്മ അദ്ദേഹത്തിന്റെ സഹധർമ്മിണിയാണ്. ആ ദാമ്പത്യജീവിതവല്ലരിയിൽ പതിനാല് സുന്ദരസുരഭിലസുനങ്ങൾ വിരിഞ്ഞു. ഏഴ് ആൺമക്കളും ഏഴ് പെൺമക്കളും. പിൻമുറക്കാർ എല്ലാം ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ ഓരോ തൊഴിലിൽ ഏർപ്പെട്ട് നിർഭാധമായി നിസ്സന്ദേഹമായി ജീവിക്കുന്നു. ഗൃഹസ്ഥാശ്രമ ധർമ്മ സരണിയിൽ കൂടി മനുഷ്യജീവിതത്തിൻ്റെ പരമകാഷ്ഠയിൽ എത്തി ചേർന്നതിനെപ്പറ്റി ഏബ്രഹാം വാഴയിൽ ജീവിതകാലത്ത് ഏറ്റവും സ്നേഹിച്ചിരുന്ന ഒരാളാണ് മാർ ക്ലീമീസ് ഏബ്രഹാം മെത്രാപ്പോലീത്താ. 1991 ജൂലൈ മാസം 16-നു ശ്രീ. ഏബ്രഹാം വാഴയിൽ ദിവംഗതനായി. അദ്ദേഹം ഒരു കർമ്മയോഗിയായി 86 വയസു വരെ ജീവിച്ചിരുന്നു. ആ മഹാനായ നേതാവിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.