മോൺ സൈമൺ കൂന്തമറ്റത്തിൽ

മോൺ സൈമൺ കൂന്തമറ്റത്തിൽ

ചേറ്റുകുളത്ത്
കൂന്തമറ്റത്തിൽ എസ്‌താപ്പാന്റെയും നൈത്തിയുടെയും നാലാമത്തെ മകനാണ് മോൺ. സൈമൺ. 1918 നവംബർ 17 ന് ഇദ്ദേഹം ജനിച്ചു. വിളിപ്പേര് കുഞ്ഞുമ്മാര് എന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസകാലത്ത് സ്‌കൂളിൽ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ. കെ. ആർ. നാരായണൻ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. ഇരുപതാം വയസ്സിൽ ഉപരി വിദ്യാഭ്യാസാർത്ഥം സിലോണിലെ കാൻഡി പേപ്പൽ സെമിനാരിയിൽ ചേർന്നു. അവിടെ ബഹുമാനപ്പെട്ട പീറ്റർ ഊരാളിലച്ചൻ സഹ വിദ്യാർത്ഥിയായിരുന്നു.
തുടർന്ന് 1948 ആഗസ്റ്റ് 24 ന് വൈദിക പട്ടം സ്വീകരിച്ചു. സ്വന്തം ഇടവകയായ ഉഴവൂർ പള്ളിയിൽ നവ പൂജാർപ്പണം നിർവ്വഹിച്ചു. പിന്നീട് വിശ്രമജീവിതത്തി ലേക്ക് പ്രവേശിക്കുന്നത് വരെ അനേക വർഷം നീണ്ടു നിന്ന അദ്ദേഹത്തിൻ്റെ രൂപതയ്ക്ക് വേണ്ടിയുള്ള സേവനം ചരിത്രമാണ്. ഇവയിൽ ചിലത് നന്ദിയോടെ താഴെ അനുസ്‌മരിക്കുന്നു. ഇടക്കോലി, കൂടല്ലൂർ, റാന്നി, കുറുപ്പന്തറ, കിടങ്ങൂർ, രാജപുരം, കുമാരനല്ലൂർ, ഉഴവൂർ, കാരിത്താസ് എന്നിവിടങ്ങളിൽ വികാരിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.
കൂടാതെ രൂപതയിൽ ധാരാളം പുതിയ പള്ളികൾ സ്ഥാപിക്കാൻ നേതൃത്വം നൽകി. കുറച്ചുകാലം അദ്ദേഹം മലബാർ റീജണൽ എപ്പിസ്ക്‌കോപ്പൽ വികാരിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട് അദ്ദേഹത്തിലെ കാർഷിക മനസ്സ് രൂപതയ്ക്ക് ഒരു റബർ എസ്റ്റേറ്റ് ഉണ്ടാക്കിയെടുക്കുന്നതിന് സഹായകമായി. കാരിത്താസ് ആശുപത്രിയുടെയും ഡയറക്‌ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം തൻ്റെ ഇടവകയിൽ വികാരിയായി എത്തിയ സമയത്ത് ഇടവക ജനങ്ങളുടെയിടയിൽ അദ്ദേഹം കണ്ട പരസ്‌പരസ്നേഹക്കുറവും ഐക്യമില്ലായ്‌മയും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതിനേത്തുടർന്ന് നടന്ന സ്വകാര്യ സംഭാഷണങ്ങളിൽനിന്നും അദ്ദേഹം രൂപപ്പെടുത്തിയ ആശയമായിരുന്നു ഇടവകകളിൽ കൂടാരയോഗങ്ങൾ സംഘടിപ്പിക്കുക എന്നത്. (തുടക്കത്തിൽ ഇത് കുടുംബയോഗം എന്ന പേരിൽ ആയിരുന്നു. കുടുംബയോഗം എന്ന പേര് പിന്നീട് എസ്.എൻ.ഡി.പി.ക്കാർ സ്വീകരിക്കുകയും അനുകരിക്കുകയും ചെയ്തു. അങ്ങനെ കോട്ടയം രൂപതയിൽ കൂടാരയോഗങ്ങൾ സംഘടിപ്പിക്കുകയും പിന്നീടത് സീറോ മലബാർ സഭ മുഴുവനിലും അത് വ്യാപിപ്പിക്കുകയും ചെയ്തു‌.
തന്റെ ശുശ്രൂഷയുടെ അവസാനത്തെ 11 വർഷ ക്കാലം രൂപത വികാരി ജനറൽ ആയിരുന്നു. സമൂഹത്തിലെ പാവപ്പെട്ടവർക്കും മലബാറിൽ കുടിയേറിയ ക്നാനായ മക്കൾക്കുമായി ധാരാളം പ്രവർത്തനങ്ങൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
ഒടുവിൽ 1996 ഒക്ടോബർ ഒന്നാം തീയതി വിയാനി വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതം ആരംഭിച്ചു. 2000-മാണ്ട് മാർച്ച് 31 ന് ആ ധന്യജീവിതം കാല യവനികക്കുള്ളിൽ മറഞ്ഞു. തനിക്ക് പത്രമേനി ആയി ലഭിച്ച സ്ഥലത്ത് നിർമ്മിച്ച ചേറ്റുകുളം പള്ളിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
മൺമറഞ്ഞ് 24 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം അനുസ്‌മരിക്കപ്പെടുന്നത് സ്വഭാവത്തിലെ ചില വൈശിഷ്ട‌്യങ്ങൾ കൊണ്ടാണ്. എല്ലായ്പ്പോഴും പ്രസന്നവദനനായി പ്രായഭേദമെന്യേ എല്ലാവരോടും ഇടപെടുന്ന സ്വഭാവം, കഠിനാധ്വാനം, സഭയുടെ വളർച്ചയിലുള്ള ഉത്കടമായ അഭിനിവേശം എന്നിവ ചിലത് മാത്രമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *