മംഗലത്ത് എബ്രഹാം വിമോചന സമരവും മംഗലത്ത് ഏബ്രാഹമിൻ്റെ അചഞ്ചലമായ നേതൃത്വപാടവവും

മംഗലത്ത് എബ്രഹാം വിമോചന സമരവും മംഗലത്ത് ഏബ്രാഹമിൻ്റെ അചഞ്ചലമായ നേതൃത്വപാടവവും

മോനിപ്പിള്ളി മംഗലത്ത് ഇട്ടിയുടെയും ഇലവുങ്കൽ ഏലിയുടെയും രണ്ടു മക്കളിൽ ഇളയവനായി എബ്രാഹം 1917-ൽ ജനിച്ചു. ഒരു നല്ല കൃഷിക്കാരനും ഒപ്പം പ്രാദേശികമായി അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനുമായി എബ്രാഹം വളർന്നു. യുവത്വത്തിൽതന്നെ കോൺഗ്രസ്സിൽ ആകൃഷ്ടനായ എബ്രാഹം കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനായിരുന്നു. 1959-ലെ വിമോചന സമരകാലത്ത് ജൂൺ 13-ാം തീയതി ശനിയാഴ്ച്‌ച രാത്രി എട്ടുമണിക്ക് അങ്കമാലിയിൽ വച്ചു നടന്ന പൊലീസ് വെടിവെപ്പിൽ നിരപരാധികളായ ഏഴ് സമര ഭടന്മാർ മരണപ്പെട്ടതിലും ജൂൺ 15-ാം തീയതി തിരുവനന്തപുരത്ത് തീരപ്രദേശമായ ചെറിയതുറയിൽ ഉണ്ടായ വെടിവെപ്പിൽ പൂർണ്ണ ഗർഭിണിയായിരുന്ന ഫ്ളോറി എന്ന യുവതിയും മറ്റാൾക്കാരും മരണപ്പെട്ടതിലും പ്രതിക്ഷേധിച്ച് കേരള വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി മോനിപ്പിള്ളിയിൽ നടന്ന ബസ്സ് തടയൽ സമരത്തിന് അമ്പലത്തുങ്കൽ ചാക്കോയോടൊപ്പം എബ്രാഹം നേതൃത്വം നൽകി.
സമരം ചെയ്യുന്ന പൊതുജനത്തെ ഭീഷണിപ്പെടുത്തി പിരിച്ചു വിടാനായി പൊലീസ്, എസ്.പി.യുടെ നിർദ്ദേശപ്രകാരം ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിർത്തു. എങ്കിലും സമരക്കാർ റോഡിൽ നിലത്ത് കമിഴ്ന്നു‌ കിടന്ന് സമരം തുടർന്നതിനാൽ പൊലീസിന് തിരികെ പോകേണ്ടി വന്നു. ശക്തമായ ഈ സമരം അങ്ങനെ വിജയം കാണുകയും ചെയ്‌തു. എബ്രഹാമിന്റെ ഈ നേ തൃത്വപാടവം പൊതുവെ അംഗീകരിക്കപ്പെട്ടു. ഈ സമരത്തിൽ പങ്കു ചേരേണ്ടതിനെക്കുറിച്ചും പോലീസ് നടപടികളെ നേരിടേണ്ട രീതിയുമെല്ലാം എബ്രാഹവും കൂട്ടരും നേരത്തെ തന്നെ സമര ഭടന്മാരെ വൈകുന്നേരവും രാത്രികാലങ്ങളിലും ചിട്ടയായും ആത്മധൈര്യം പകർന്നും പരിശീലിപ്പിച്ചിരുന്നു. പിന്നീട് 1964-ൽ കേരളാ കോൺഗ്രസ് രൂപീകൃതമായപ്പോൾ മുതൽ മരണം വരെയും ആ പാർട്ടിയിൽ അചഞ്ചലമായി പ്രവർത്തിച്ചു.
കൃഷിയോടൊപ്പം ബിസിനസ്സും ചെയ്‌തിരുന്ന അദ്ദേഹം 1977-ൽ മോനിപ്പിള്ളി വഴി ആദ്യമായി എറണാകുളം – പാലാ റൂട്ടിൽ ബസ്സ് സർവ്വീസ് ആരംഭിച്ചു. ബസ്സിന്റെ പേര് ഷേർളി എന്നായിരുന്നു. അതിലെ സ്ഥിരം യാത്രക്കാർക്ക് ഷേർളി ബസ്സ് ഇന്ന് ഒരു നൊസ്റ്റാൾജിയയാണ്.
മോനിപ്പിള്ളി റബർ മാർക്കറ്റിംഗ് സൊസൈറ്റി ആരംഭിക്കുന്നത് നിർണായക സ്വാധീനം ചെലുത്തി ലക്ഷ്യം കണ്ടു. പിന്നീടങ്ങോട്ട് മോനിപ്പിള്ളിയിൽ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 1990-ൽ തന്റെ 73-ാമത്തെ വയസ്സിൽ വാർദ്ധക്യസഹജമായ അസുഖം മൂലം കഥാപുരുഷൻ നിര്യാതനായി.
മോനിപ്പിള്ളിയിലെ അറയ്ക്കൽ ഫീലിപ്പോസിന്റെ മകളും പ്രമുഖ പ്ലാൻ്ററായ അറയ്ക്കൽ ചാക്കോച്ചന്റെ സഹോദരിയുമായ അന്നമ്മയെയാണ് അബ്രാഹാം വിവാഹം ചെയ്തിരുന്നത്. ഭാര്യ അന്നമ്മ 2014-ൽ നിര്യാതയായി. ഇവർക്ക് അഞ്ച് ആൺമക്കളാണുണ്ടായിരുന്നത്. അതിൽ മൂത്ത മകൻ എമ്മാനുവലും ഇളയ മകൻ സ്റ്റീഫനും മരണപ്പെട്ടു. രണ്ടാമത്തെ മകൻ സണ്ണി എം.എസ്.സി. ബി.എഡ് പാസ്സായശ്ശേഷം പാലാ സെന്റ് തോമസ് ബി.എഡ്. കോളേജ്, മാവേലിക്കര ബിഷപ്പ് പീറ്റ് മെമ്മോ റിയൽ ബി.എഡ്. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം ചെയ്തു. പിന്നീട് കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായി, മാനേജരായി റിട്ടയർ ചെയ്‌തു. മൂന്നാമത്തെ മകൻ ഫിലിപ്പ് നാട്ടിലെ അറിയപ്പെടുന്ന കർഷകനാണ്. നാലാമത്തെ മകൻ അമേരിക്കയിലെ ചിക്കാഗോയിൽ കുടുംബസമേതം കഴിയുന്നു.
വിമോചന സമരകാലത്ത് നടത്തപ്പെട്ട സമരങ്ങളിൽ ജൂൺ 13 ശനിയാഴ്ച്‌ച അങ്കമാലിയിലും, ജൂൺ 15ന് തിരുവനന്തപുരത്ത തീരപ്രദേശമായ ചെറുതുറയിലും പോലീസ് വെടിവെപ്പിന് ഇടയാക്കിയ സമരം കഴിഞ്ഞാൽ ഏറ്റവുമധികം അലയൊലികൾ ഉണ്ടാക്കിയതും ആവേശം പകർന്നതുമായ സമരം നടന്നത് മംഗലത്ത് എബ്രാഹവും കൂട്ടരും നേതൃത്വം കൊടുത്ത് ഇലഞ്ഞി, പുതുവേലി, മോനിപ്പിള്ളി, വെളിയന്നൂർ, ഉഴവൂർ, ചീൻങ്കല്ലേൽ, മുത്തോലപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി ആയിരക്കണക്കിന് സമര ഭടന്മാരെ സംഘടിപ്പിച്ച് കൃത്യവും ചിട്ടയുമായ പരിശീലനം നൽകി വഴി തടയൽ സമരം നടത്തിയ മോനിപ്പിള്ളിയിലായിരുന്നു എന്നും മറ്റു സ്ഥലങ്ങളിലെന്നപോലെ മോനിപ്പിള്ളിയിലും വെടിവെപ്പ് നടന്നിരുന്നു എങ്കിൽ ആദ്യം മരണപ്പെടുന്നത് എബ്രാഹം ആകുമായിരുന്നു എന്നതും ഒരല്‌പം ഭയത്തോടെയും ഏറെ ആവേശത്തോടെയും ഇന്നും പഴമക്കാർ ഓർത്തെടുക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *